Thursday, September 15, 2011

അത്രമേല്‍ സ്നേഹിക്കയാല്‍...


പ്രിയസഖീ...
അങ്ങനെ നാം ഒന്നിച്ചു...
നീണ്ട കാലത്തെ ,  യുഗങ്ങളുടെ , മന്വന്തരങ്ങളുടെ തപസ്സിനൊടുവില്‍. 

മനസാ നാം മുന്നേ ഒരുമിച്ചിരുന്നു. 
കനവുകളിലെ മുഖമില്ലാ രാജകുമാരിക്ക് നിന്റെ മുഖം വരച്ചു ചേര്‍ക്കപ്പെട്ട അന്നു മുതല്‍ തന്നെ.
എന്നിട്ടുമെന്തേ...?

നാം ശ്രമിക്കയ്കയാണെന്ന് ദൈവം പോലും പറയില്ല!
നമ്മുടെ കൊച്ചു ഗൃഹത്തിനകത്ത് നാം പറുദീസയൊരുക്കിയിരുന്നു.
നമ്മുടെ കുഞ്ഞു ഹൃത്തിനകത്ത് വസന്താരാമങ്ങളും ...
മരുഭൂവായിരുന്ന എന്‍ ചിത്തം നിന്‍ കുളിര്‍ ഗാന നിശ്വാസത്താല്‍  നീ ഉര്‍വ്വരമാക്കി.
കിനാക്കളുടെ ജീര്‍ണ്ണ ജഡങ്ങളും അസ്ഥിത്തറകളും തുലാവര്‍ഷപ്പെയ്ത്തിലൂടെ നീ ശുദ്ധീകരിച്ചു.
എന്നിട്ടുമെന്തേ...?

നാം ശ്രമിച്ചില്ലെന്ന് ദൈവം പോലും പറയില്ല! തീര്‍ച്ച 

വേനലും വസന്തവും ശിശിരവും ഹേമന്തവും മാറി മാറി കടന്നുപോയ്.
കൂടുതലടുപ്പിക്കയല്ലാതെ മറ്റൊരു മാറ്റവും ഋതുക്കള്‍ വരുത്തിയില്ല!
എന്റെ കൈകള്‍ക്കിടയില്‍ സുരക്ഷിതത്വം തേടിയ നിന്റെ കരങ്ങളുടെ താപത്തിനൊരു വ്യതിയാനവും ഭവിച്ചതുമില്ല!!
നയനങ്ങള്‍ ചക്രവാളങ്ങളാക്കി നാമതില്‍ മഴവില്ലുകള്‍ തീര്‍ത്തു!
കണ്ണില്‍ കണ്ണില്‍ നോക്കി നാമീ പ്രപഞ്ചം തന്നെ വിസ്മരിച്ചെത്ര യുഗങ്ങള്‍ തീര്‍ത്തു!! 
എന്നിട്ടുമെന്തേ ...?

ആ വസന്തം മാത്രം നമുക്കന്യമായി...?
എന്തേ നമുക്കൊന്നാവാന്‍ കഴിയാതിരിക്കുന്നിപ്പഴും .... ?
ഞാനെന്നതില്‍ ഞാനും നീയെന്നതില്‍ നീയും 
നാമെന്നതില്‍ ദ്വന്ദവും ഇപ്പോഴും ചെറുതായി സ്പന്ദിക്കുന്നുവല്ലേ ...?
ഞാനും നീയും ഞങ്ങളുമല്ലാതെ പുതിയൊരര്‍ത്ഥവും അതിനൊരു പദവും 
നമുക്കെന്തേ ലഭിക്കുന്നില്ല ?
അത്രമേല്‍ സ്നേഹിക്കയാല്‍ സഖീ ....
ആ മോക്ഷപ്രാപ്തിക്കിനിയെത്ര ജന്മം .......?

Thursday, September 8, 2011

മായ്ക്ക റബ്ബര്‍



അഞ്ചാം ക്ലാസ്സിലെ വലതു വശത്തെ നാലാം ബെഞ്ച്,
നാലുവര്‍ഷം പഴക്കമുള്ള, വക്കുകള്‍ തരംഗിതമായ  പുസ്തകങ്ങള്‍ ഒരിഞ്ചു വീതിയുള്ള വെളുത്ത റബ്ബര്‍ ബാന്‍ഡില്‍ ഒരുമയില്ലെങ്കിലും ഒന്നായി കിടക്കുന്നു.
അതിനു മുകളില്‍ ജേഷ്ട്ടന്മാരിലൂടെ കൈ മറിഞ്ഞെത്തിയ തുരുമ്പിച്ച ജ്യോമിതിപ്പെട്ടി, ആ കൊച്ചു പെട്ടിയുടെ ഇരുണ്ട അകത്തളത്തില്‍ അവന്‍ ( പെന്‍സില്‍ )
അവളോട്‌ ( മായ്ക്ക റബ്ബര്‍ ) ദുഃഖം ഘനീഭവിച്ച സ്വരത്തില്‍ മന്ത്രിച്ചു. 
"ഐ ആം സോറി ...."
"എന്തിന് ? എന്ത് പറ്റി എന്റെ കുട്ടേട്ടന് "?
"എന്തിനെന്നോ ? ഞാന്‍ ഓരോ പ്രാവശ്യം തെറ്റു വരുത്തുമ്പോഴും നീയല്ലേ നൊമ്പരപ്പെടുന്നത് ? എന്റെ തെറ്റുകള്‍ അന്യരുടെ കണ്ണില്‍പ്പെടുന്നതിനു മുമ്പ് നീ മായ്ച്ചു കളയുന്നു, ഞാന്‍ വരുത്തി വെക്കുന്ന തെറ്റുകള്‍ നീ ഓരോ പ്രാവശ്യം മായ്ക്കുമ്പോഴും  നിന്റെ ശരീരത്തിന്റെ ഒരു ഭാഗം നീ ത്യജിക്കുന്നു .... , ഓരോ തവണയും നീ എനിക്കായി സ്വയം ചുരുങ്ങി കൊണ്ടിരിക്കുന്നു ......"
"ശരി തന്നെ ! പക്ഷെ ഞാനത് കാര്യമാക്കുന്നെയില്ല....
എന്റെ നിയോഗം തന്നെ അതല്ലേ ? നിന്നില്‍ തെറ്റു വരുമ്പോള്‍ നിന്നെ സഹായിക്കാനല്ലേ ഞാന്‍ നിര്‍മ്മിക്കപ്പെട്ടത് ? ഇങ്ങനെ തേഞ്ഞു തീര്‍ന്നു അവസാനം ഒരുനാള്‍ നീയെന്നെ മാറ്റി പുതിയ ഒരെണ്ണം സ്വന്തമാക്കുമ്പോഴും ഞാനെന്തിനു പരിഭവിക്കണം? എന്റെ ജന്മം സംപൂര്‍ണ്ണമായെന്ന സംതൃപ്തി മാത്രമേ എനിക്കന്നേരമുണ്ടാകൂ ! "
"കരയാതിരിക്ക് , നീ നിന്റെ നിയോഗം തുടരൂ, .... ഞാനെന്റെതും ... നിന്നെ പോലെ ഞാനോ എന്നെ പോലെ നീയോ ആവില്ലൊരിക്കലും, ആവാന്‍ ശ്രമിക്കയുമരുത്..."

Monday, September 5, 2011

വാല്‍മീകം


നല്ല പശിമയും ചുവപ്പുമുള്ള മണ്ണ് അവിടെക്കൊണ്ടുകൂട്ടിയതാരായിരുന്നു? അതെ, അതവര്‍ തന്നെ അവന്റെ മാതാപിതാക്കള്‍, കുടുംബം. അതിനാലൊരു വാത്മീകം പണിയാനുള്ള ആത്മദാഹം അവന്‍ എന്റെ സാമിപ്യത്തില്‍ എരിച്ചുതീര്‍ക്കുകയായിരുന്നു. 

പ്രവാസത്തിന്റെ ഏകാന്തതയുടെ തുരുത്തുകളിലൊരുനാള്‍  ഞാനവനെ വീണ്ടും കണ്ടെത്തിയപ്പോഴേക്കും ആ ഉറച്ച വാത്മീകത്തിനകത്തെങ്ങോ വീണ്ടെടുക്കാനാവാത്ത വിധം അവന്‍ വേരു പിടിച്ചിരുന്നു. 
ഒരു താപസന്റെ സംയമനത്തോടെ ആ മണ്‍പുറ്റില്‍  നിന്നും  അന്നേരം അവന്‍ അരുള്‍ ചെയ്തു.
"ഞാനും എനിക്കൊരു കണ്ണാടിയും ...... സ്വയം  നിര്‍മ്മിച്ച ഈ വാല്മീകത്തിനകത്ത് ഞാന്‍ സംതൃപ്തനാണ് , ഇവിടെ .......... ഈ ഏകാന്തതയിലെങ്കിലും എനിക്ക് ഞാനാവാന്‍ കഴിയുന്നുണ്ട്".....