Thursday, September 15, 2011

അത്രമേല്‍ സ്നേഹിക്കയാല്‍...


പ്രിയസഖീ...
അങ്ങനെ നാം ഒന്നിച്ചു...
നീണ്ട കാലത്തെ ,  യുഗങ്ങളുടെ , മന്വന്തരങ്ങളുടെ തപസ്സിനൊടുവില്‍. 

മനസാ നാം മുന്നേ ഒരുമിച്ചിരുന്നു. 
കനവുകളിലെ മുഖമില്ലാ രാജകുമാരിക്ക് നിന്റെ മുഖം വരച്ചു ചേര്‍ക്കപ്പെട്ട അന്നു മുതല്‍ തന്നെ.
എന്നിട്ടുമെന്തേ...?

നാം ശ്രമിക്കയ്കയാണെന്ന് ദൈവം പോലും പറയില്ല!
നമ്മുടെ കൊച്ചു ഗൃഹത്തിനകത്ത് നാം പറുദീസയൊരുക്കിയിരുന്നു.
നമ്മുടെ കുഞ്ഞു ഹൃത്തിനകത്ത് വസന്താരാമങ്ങളും ...
മരുഭൂവായിരുന്ന എന്‍ ചിത്തം നിന്‍ കുളിര്‍ ഗാന നിശ്വാസത്താല്‍  നീ ഉര്‍വ്വരമാക്കി.
കിനാക്കളുടെ ജീര്‍ണ്ണ ജഡങ്ങളും അസ്ഥിത്തറകളും തുലാവര്‍ഷപ്പെയ്ത്തിലൂടെ നീ ശുദ്ധീകരിച്ചു.
എന്നിട്ടുമെന്തേ...?

നാം ശ്രമിച്ചില്ലെന്ന് ദൈവം പോലും പറയില്ല! തീര്‍ച്ച 

വേനലും വസന്തവും ശിശിരവും ഹേമന്തവും മാറി മാറി കടന്നുപോയ്.
കൂടുതലടുപ്പിക്കയല്ലാതെ മറ്റൊരു മാറ്റവും ഋതുക്കള്‍ വരുത്തിയില്ല!
എന്റെ കൈകള്‍ക്കിടയില്‍ സുരക്ഷിതത്വം തേടിയ നിന്റെ കരങ്ങളുടെ താപത്തിനൊരു വ്യതിയാനവും ഭവിച്ചതുമില്ല!!
നയനങ്ങള്‍ ചക്രവാളങ്ങളാക്കി നാമതില്‍ മഴവില്ലുകള്‍ തീര്‍ത്തു!
കണ്ണില്‍ കണ്ണില്‍ നോക്കി നാമീ പ്രപഞ്ചം തന്നെ വിസ്മരിച്ചെത്ര യുഗങ്ങള്‍ തീര്‍ത്തു!! 
എന്നിട്ടുമെന്തേ ...?

ആ വസന്തം മാത്രം നമുക്കന്യമായി...?
എന്തേ നമുക്കൊന്നാവാന്‍ കഴിയാതിരിക്കുന്നിപ്പഴും .... ?
ഞാനെന്നതില്‍ ഞാനും നീയെന്നതില്‍ നീയും 
നാമെന്നതില്‍ ദ്വന്ദവും ഇപ്പോഴും ചെറുതായി സ്പന്ദിക്കുന്നുവല്ലേ ...?
ഞാനും നീയും ഞങ്ങളുമല്ലാതെ പുതിയൊരര്‍ത്ഥവും അതിനൊരു പദവും 
നമുക്കെന്തേ ലഭിക്കുന്നില്ല ?
അത്രമേല്‍ സ്നേഹിക്കയാല്‍ സഖീ ....
ആ മോക്ഷപ്രാപ്തിക്കിനിയെത്ര ജന്മം .......?

8 comments:

  1. നന്നായിട്ടുണ്ട് . വികാരങ്ങളെ അക്ഷരങ്ങളാക്കിയിരിക്കുന്നു ....

    ReplyDelete
  2. എന്നിട്ടുമെന്തേ....
    ശരിക്കും നന്നായിട്ടുണ്ട്. ആശംസകൾ..

    ReplyDelete
  3. വാല്‍മീകം, മായ്ക്ക റബ്ബര്‍, അത്രമേല്‍ സ്നേഹിക്കയാല്‍... മൂന്നും വായിച്ചു, വിത്യസ്തത പുലര്‍ത്താനുള്ള ശ്രമം കാണുന്നു. അത് തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കുന്നു...!!! എഴുത്തില്‍, വരികളുടെ ആഴത്തില്‍ വിരഹവും, നിരാശയും പ്രകടമാണ്... പ്രതീക്ഷകളുടെ ചക്രവാളം തുറന്നു കാണിക്കാന്‍ എഴുത്തിനു കഴിയണം... പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്!!! എങ്കിലും നല്ല ഭാവിയുണ്ട്. സൂക്ഷിച്ചാല്‍, വീണ്ടും വീണ്ടും തിരുത്താനും സ്വയം വിമര്‍ശിക്കാനും കഴിഞ്ഞാല്‍ ഒരു ചരിത്രം താങ്കള്‍ എഴുതിക്കൂടായ്കയില്ല !!! അതിനുള്ള ലക്ഷണം ഉണ്ട്. മഹാനായ തമ്പുരാന്‍ അനുഗ്രഹിക്കട്ടെ!!!

    ReplyDelete
  4. ആത്മമിത്രമേ...ഇത്രമേൽ പ്രതിഭാധനനാണെന്നറിയാൻ വൈകിയ ഈ വിവരദോഷിക്കു മാപ്പുനൽകു....ആശംസകൾ....:)

    ReplyDelete
  5. Replies
    1. വളരെ നന്ദി , കൂട്ടുകാരാ......

      Delete
  6. ബ്ലോഗേഴുത്തില്‍ എന്റെ ഈ കുഞ്ഞു നുറുങ്ങുകള്‍ക്ക് എന്നെ പ്രോത്സാഹിപ്പിചെവരെല്ലാം ഞാന്‍ ബഹുമാനിക്കുന്ന എഴുത്ത്കാരും പ്രതിഭകളും ആണ് എന്നതില്‍ ഞാന്‍ അതിയായി ആഹ്ലാദിക്കുന്നു, നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകളും ആശീര്‍വാദങ്ങളും എന്നും ഇപ്പോഴും ആഗ്രഹിച്ചു കൊണ്ട് ....
    അബ്ദുല്‍ ഖാദര്‍

    ReplyDelete